Thursday, March 25, 2010

സ്നേഹമാണഖില സാരമൂഴിയില്‍


ഒരു കോപി , പെയിസ്റ്റ് കൂടി.....



തീവ്രവാദത്തെ ഇങനെയും ഇല്ലാതാക്കാം......



ഇതു വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി , അതിനാല്‍ ഇതു മറ്റുള്ളവരും വായിക്കണം എന്നും തോന്നി ... ഒറിജിനല്‍ ഇവിടെ..




അന്ന് നെഞ്ചിലേക്ക് വെടി; ഇന്ന് നെഞ്ചോടടക്കി സ്വാഗതം




ന്യൂഡല്‍ഹി: ഒരിക്കല്‍ ചുടുചോര ഒലിച്ചിറങ്ങിയ കേണല്‍ പിള്ളയുടെ നെഞ്ചിലേക്ക് കെയ്ന്‍ ബോണ്‍ കണ്ണുചിമ്മാതെ നോക്കിനിന്നു. തന്റെ വെടിയുണ്ടകള്‍ മുറിപ്പെടുത്തിയ പിള്ളയുടെ കാലിലും തോളിലും അയാള്‍ തലോടി. മൗനം വാചാലമായ കുറേ നിമിഷങ്ങള്‍...
ലഫ്. കേണല്‍ പദ്മകുമാര്‍പിള്ള വടക്കുകിഴക്കന്‍ അസ്വസ്ഥതകളുടെ ചരിത്രത്തിന്റെ ഭാഗമാണ്; കെയ്ന്‍ബോണും. സൈന്യത്തിനുനേരെ യുദ്ധംപ്രഖ്യാപിച്ചിരുന്ന കെയ്ന്‍ബോണും കൂട്ടരും മണിപ്പുരിലെ ഉള്‍നാടന്‍ ഗ്രാമമായ ലോങ്ദിപാബ്രുവില്‍ നാഗാ തീവ്രവാദം പടര്‍ത്തിയ കാലം. ബോണിനെയും കൂട്ടരെയും തീവ്രവാദം വെടിഞ്ഞ് കര്‍ഷകരാക്കിയതിനും നാഗാതീവ്രവാദം കത്തിപ്പടര്‍ന്ന ഗ്രാമം മിതവാദത്തിലേക്ക് ചുവടുവെച്ചതിനും കാരണക്കാരന്‍ പദ്മകുമാര്‍ പിള്ളയാണ്.

മരണത്തെ മുഖാമുഖം കണ്ട ഒരു കുടുംബത്തിനും മൂന്ന് നാഗാതീവ്രവാദികള്‍ക്കും കരുണയുടെ കരംനീട്ടിയാണ് പിള്ള മണിപ്പുരിലെ ധീരജവാനായി മാറിയത്. തങ്ങളുടെ തുടര്‍ച്ചയായ വെടിവെപ്പില്‍ പിള്ള മരിച്ചുവെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു ഗ്രാമീണര്‍. അവര്‍ക്കിടയിലേക്ക് നീണ്ട പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കടന്നുവന്നപ്പോള്‍ മനംമാറിയ ഗ്രാമത്തിന് ആശ്വാസവും ആഹ്ലാദവും. ലോങ്ദിപാബ്രുവില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പൂമാലയും പട്ടും കണ്ണീരുമായി സ്വീകരണം നല്കിയപ്പോള്‍ മുന്നില്‍ നിന്നത് പിള്ളയ്ക്കുനേരെ മുമ്പ് വെടിയുതിര്‍ത്ത കെയ്ന്‍ബോണും സഹായികളായ കെയ്‌ഗോണും കെയ്‌സോങ്ങും.

1994 ജനവരിയില്‍ പിള്ള മണിപ്പുരില്‍ പട്ടാളക്കാരനായിരുന്ന കാലത്ത് കുക്കികളും നാഗന്മാരും ആയുധംകൊണ്ട് പോരാടുന്ന കാഴ്ചയായിരുന്നു ചുറ്റിലും. ലോങ്ദിപാബ്രുവില്‍ പാലം തകര്‍ക്കാന്‍ നാഗന്മാര്‍ പദ്ധതിയിട്ടെന്ന് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് അവിടേക്ക് പോയതായിരുന്നു പിള്ള. തീവ്രവാദികള്‍ ഒളിച്ചിരുന്ന ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് പിള്ളയുടെ നേതൃത്വത്തിലുള്ള സൈനികസംഘം ഇരച്ചുകയറി. തുടര്‍ന്നുളള പോരാട്ടത്തില്‍ മുന്നില്‍നിന്ന് പൊരുതിയ പിള്ളയ്ക്ക് നാല് വെടിയുണ്ടകളേറ്റു. തീവ്രവാദികളില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ ഓടിരക്ഷപ്പെടുകയും രണ്ടുപേരെ സൈന്യം പിടികൂടുകയും ചെയ്തു. ഏറ്റുമുട്ടലിനിടയില്‍ വീട്ടിലെ പന്ത്രണ്ടുകാരിയായ മെസല്യുവിനും ആറ് വയസ്സുള്ള ഡിന്‍ങാമാങ്ങിനും ഗുരുതരമായി പരിക്കേറ്റു.

എതിരാളികളുടെ വെടിയേറ്റ് മരണത്തോട് മല്ലിടുകയായിരുന്നു പിള്ള. തീവ്രവാദികള്‍ക്ക് അഭയമേകിയ വീടാണെങ്കിലും തന്റെ ജീവനേക്കാളുപരി കുട്ടികളുടെ ജീവന്‍ രക്ഷിക്കണമെന്ന തീരുമാനത്തില്‍ ഇരുവരെയും സൈനികഹെലികോപ്റ്ററില്‍ ഇംഫാലിലെ ആര്‍മിഹോസ്​പിറ്റലിലേക്ക് അയച്ചു. തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന കോപ്റ്ററിലാണ് പിള്ള കുട്ടികളെ പറഞ്ഞയച്ചത്.

പിടികൂടിയ രണ്ട് തീവ്രവാദികളെയും ഒന്നുംചെയ്യരുതെന്ന് ജവാന്മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എ.കെ 47 തോക്കിലെ ഫയറിങ് പിന്‍ പൊട്ടിപ്പോയില്ലെങ്കില്‍ നിങ്ങളെ തത്ക്ഷണം കൊലപ്പെടുത്തുമെന്നായിരുന്നു പിടിയിലകപ്പെട്ടപ്പോള്‍ തീവ്രവാദികള്‍ പിള്ളയോട് പറഞ്ഞത്. എങ്കിലും ഇരുവര്‍ക്കും പിള്ള മാപ്പുനല്‍കി. മേലില്‍ തോക്കെടുക്കരുതെന്ന പിള്ളയുടെ നിര്‍ദേശം ഇരുവരും സ്വീകരിച്ചു. കൊല്‍ക്കത്തയിലെ കരസേനാ ആസ്​പത്രിയില്‍ഒരുവര്‍ഷത്തെ ചികിത്സയ്ക്കുശേഷമാണ് പിള്ളയുടെ നില ഭേദപ്പെട്ടത്. രണ്ട് കുട്ടികള്‍ക്ക് ആറുമാസത്തെ ചികിത്സ വേണ്ടിവന്നു.

''തീവ്രവാദികളെ പിടിച്ചാല്‍ അവരെ കശാപ്പുചെയ്യുകയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ഗ്രാമവാസികളെ തകര്‍ക്കുകയുമാണ് പട്ടാളത്തിന്റെ രീതി. എന്നാല്‍ ഗാന്ധിജിയുടെ അഹിംസാസന്ദേശം നെഞ്ചിലേറ്റിയ എനിക്ക് തീവ്രവാദികള്‍ക്കും ഗ്രാമവാസികള്‍ക്കും മാപ്പുനല്‍കാനാണ് ആ നിമിഷം തോന്നിയത്. ഞാന്‍ മരിക്കാന്‍ പോവുകയാണെന്നു തോന്നിയ നിമിഷങ്ങളിലും ഇവരെങ്കിലും ജീവിച്ചിരിക്കട്ടെയെന്ന് കരുതി''-പിള്ള ഓര്‍ത്തെടുത്തു.

മണിപ്പുരില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശി ബ്രിഗേഡിയര്‍ ജോര്‍ജ് വഴിയാണ് ഒന്നരപതിറ്റാണ്ടിനു ശേഷം ലോങ്ദിപാബ്രുവിലേക്ക് പോകാനിടയായത്. തന്റെ കഥകള്‍ കേട്ട ജോര്‍ജ് ലോങ്ദിപാബ്രുവിലേക്ക് സേനാംഗങ്ങളെ വിട്ട് അന്വേഷിച്ചപ്പോഴാണ് പിള്ളയെ ആ ഗ്രാമവാസികള്‍ മുഴുവനും മനസ്സില്‍ ആരാധിക്കുന്ന വിവരമറിയുന്നത്. എന്നാല്‍ പിള്ള ജീവിച്ചിരിപ്പുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നു. പിള്ളയെക്കുറിച്ച് കേട്ടനിമിഷം അദ്ദേഹത്തെ അവര്‍ ഗ്രാമത്തിലേക്ക് ക്ഷണിച്ചു. വര്‍ണാഭമായ വരവേല്പാണ് ഗ്രാമവാസികള്‍ പിള്ളയ്ക്ക് നല്‍കിയത്. പിള്ളയുടെ കാരുണ്യത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ മെസല്യു എന്ന പെണ്‍കുട്ടി ഇന്ന് എട്ടുവയസ്സുകാരിയുടെ അമ്മയാണ്. അദ്ദേഹത്തെ ഷാളണിയിച്ചപ്പോള്‍ മെസല്യുവും സഹോദരനും അമ്മയും പൊട്ടിക്കരഞ്ഞു. ''നിങ്ങളെ എന്റെ കുടുംബം എക്കാലവും ഓര്‍മിക്കും, നിങ്ങള്‍ക്കുവേണ്ടി എന്നും പ്രാര്‍ഥിക്കും''-മെസല്യുവിന്റെ അമ്മ തൈമയ് പറഞ്ഞു. തീര്‍ത്തും അവികസിതമായ ലോങ്ദിപാബ്രുവിലേക്ക് നിര്‍മിക്കുന്ന പുതിയ റോഡിന് ഡി.പി.കെ. പിള്ളയുടെ പേരിടണമെന്ന് ഗ്രാമവാസികള്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതനുവദിച്ചില്ല. തുടര്‍ന്ന് അതിന് മെസല്യുവിന്റെ പേരിട്ടു. അന്ന് വെടിയുതിര്‍ത്ത കെയ്ന്‍ബോണ്‍ ഒരു ബാഗ് നിറയെ ഓറഞ്ച് നല്‍കിയാണ് പിള്ളയെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്.

22 വര്‍ഷമായി കരസേനയിലുള്ള 42കാരനായ കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശി പിള്ള ഇപ്പോള്‍ ഡല്‍ഹിയിലെ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസില്‍ ഗവേഷണം നടത്തുകയാണ്. പിതാവ് എ.വി ദിവാകരന്‍പിള്ളയും മുത്തച്ഛന്‍ പി.വി.പി നമ്പ്യാരും പട്ടാളക്കാരായിരുന്നു. ''ആയുധങ്ങള്‍ കൊണ്ടല്ല, അഹിംസയും സ്‌നേഹവുംകൊണ്ടാണ് കൂടുതല്‍ മണ്ണും മനസ്സും നമുക്ക് കീഴടക്കാനാവുക. ഒരു ഗ്രാമമെങ്കിലും ആയുധമുപേക്ഷിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്''-പിള്ള നല്‍കുന്ന സന്ദേശമിതാണ്.

No comments:

Post a Comment