Saturday, February 20, 2010

ഇതാ ഒരു ഉഗ്രന്‍ വാര്‍ത്ത

ആര്‍.എസ്.എസ്. ചടങ്ങില്‍ സി.പി.എം.മേയര്‍


കൊല്ലം:ആര്‍.എസ്.എസ്.പ്രാന്തസാംഘിക്ക് സംഘാടകസമിതി ഓഫീസ് സി.പി.എം.നേതാവായ മേയര്‍ എന്‍.പദ്മലോചനന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ്.സ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാറിന്റെയും ദീര്‍ഘകാലം നയിച്ച ഗുരുജി ഗോള്‍വാള്‍ക്കറുടെയും ചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്ത മേയര്‍ പരിപാടിയുടെ നടത്തിപ്പിന് നഗരസഭയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

''ആശ്രാമം മൈതാനം ഉള്ളതിനാലാണ് ആര്‍.എസ്.എസ്.സമ്മേളനം കൊല്ലത്ത് നടക്കുന്നതെന്നറിയാന്‍ കഴിഞ്ഞു. ആശ്രാമം മൈതാനം ചോദിച്ചെത്തിയവരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളിയതിനാലാണ് ഇത്രയും വിശാലമായ മൈതാനം നിലനിര്‍ത്താനായത്. തന്മൂലം നിരവധി പേരുടെ പഴി കേള്‍ക്കേണ്ടിവന്നെങ്കിലും സമ്മേളനം ഇവിടെ നടക്കുന്നത് ഒരു ക്രെഡിറ്റായി കരുതുന്നു. സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം ഉദ്ഘാടനത്തിനു ക്ഷണിച്ച് പങ്കാളിയാക്കാനുള്ള സന്മനസ്സിന് നന്ദിയും''-ഉദ്ഘാടനപ്രസംഗത്തില്‍ മേയര്‍ പറഞ്ഞു.

24ന് നടക്കുന്ന ആര്‍.എസ്.എസ്.പ്രാന്തസാംഘിക്കിന്റെ നടത്തിപ്പിനായാണ് ഓഫീസ് തുറന്നത്. ആശ്രാമം മൈതാനത്തിന്റെ പടിഞ്ഞാറു ഭാഗത്തായി പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

ഉദ്ഘാടനസമ്മേളനത്തില്‍ സ്വാഗതസംഘം അധ്യക്ഷന്‍ പ്രൊഫ.വി.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ അനുയോജ്യമായ മൈതാനം ലഭിക്കാത്തതിനാലാണ് കൊല്ലത്തേക്കു മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനെത്തുന്ന ഒന്നരലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ആശ്രാമം മൈതാനത്തിനേ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ്.പ്രാന്തപ്രചാരക് എ.ഗോപാലകൃഷ്ണന്‍, സംഘചാലക് പി.വേലപ്പന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി രാജന്‍ കരൂര്‍
സ്വാഗതവും വിജയന്‍ നന്ദിയും പറഞ്ഞു.



കടപ്പാട് മാത്റ്ഭൂമി ..മുഴുവനും

1 comment: